
സംസ്ഥാനത്ത് രണ്ടു ദിവസത്തിനകം വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം. തുലാവർഷം എത്തുന്നതോടെ കേരളത്തിൽ വ്യാപക മഴ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ മാസം ഇരുപതു വരെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്.
ഈ മാസം പത്തൊൻപതോടെ തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിനും തെക്കൻ കർണാടകത്തിനും അടുത്തായി ന്യൂനമർദം രൂപപ്പെടാം. ന്യൂനമർദം ശക്തിപ്രാപിക്കാൻ ഇടയുണ്ടെങ്കിലും കേരളതീരത്തുനിന്ന് അകലാനാണ് സാധ്യത. കാറ്റും ശക്തമാകും. ഈ മാസം 17 മുതൽ 20 വരെ കർണാടകം, കേരളം, തെക്കൻ തമിഴ്നാട് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.











